പ്രയാസപ്പെട്ട് പലരുടേയും സഹായത്തോടുകൂടി ഏതാനും സംഖ്യ പിരിച്ചതിനു ശേഷം അനന്തര നടപടികളെപ്പറ്റി ആലോചന തുടങ്ങി. തക്കതായൊരു സ്ഥലം വാങ്ങി സ്വന്തമായൊരു കെട്ടിടം തീര്‍ത്ത് പ്രസ്സിന് ആവശ്യമായ സാമഗ്രികള്‍ ശേഖരിക്കുകയാണ് പുതിയൊരു സ്ഥാപനം തുടങ്ങുമ്പോള്‍ സാധാരണ പതിവ്. പിരിഞ്ഞുകിട്ടിയ മൂലധനം ഇതിനു തികയുമായിരുന്നില്ല. ഇതു കാരണം നിലവിലുള്ള ഏതെങ്കിലും അച്ചുക്കൂടം കെട്ടിടത്തോടും സാമഗ്രികളോടും കൂടി വിലയ്‌ക്കുവാങ്ങാനേ തുടക്കത്തില്‍ ആലോചനയുണ്ടായിരുന്നുള്ളു.
ഈ ആവശ്യത്തിന് ഏറ്റവും യോജിച്ചതായി കണ്ടെത്തിയത് അന്ന് കറുപ്പത്ത് കേശവമേനോന്‍ നടത്തിവന്നിരുന്ന `എംപ്രസ്സ് വിക്ടോറിയാ പ്രസ്സ്' ആണ്. കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകന്മാരില്‍ ഒരാളായിരുന്ന മന്ദത്ത് കൃഷ്‌ണന്‍നായരുടെ വിശ്വസ്‌ത ഗുമസ്‌തനെന്ന നിലയില്‍ പരക്കെ അറിയപ്പെട്ടിരുന്ന ഒരു മാന്യനാണ് കറുപ്പത്ത് കേശവമേനോന്‍. മന്ദത്ത് കൃഷ്‌ണന്‍നായര്‍ കൊഴിക്കോട്ടെ പ്രാക്ടീസ് നിര്‍ത്തി തിരുവിതാംകൂര്‍ ദിവാനായും പിന്നീട് മദിരാശി ഗവണ്മെണ്ടിന്റെ ലോ മെമ്പറായും മദിരാശിയില്‍ താമസമാക്കിയ കാലത്താണ് കേശവമേനോന്‍ ഇങ്ങനെയൊരു അച്ചുക്കൂടം വാങ്ങി നടത്തിത്തുടങ്ങിയത്. ഈ പ്രസ്സ് അത് നില്‍ക്കുന്ന സ്ഥലത്തോടും കെട്ടിടത്തോടും അതിലുള്ള ഉപകരണങ്ങളോടും കൂടി ഉടമസ്ഥനും മാതൃഭൂമി കമ്പനി ഡയരക്ടര്‍മാരും കൂടി നിശ്ചയിക്കുന്ന വിലയ്‌ക്ക് വാങ്ങാനും ഇടപാടിനു മുന്‍കൂറായി 1500 ക. കൊടുക്കാനും 1922 നവംബര്‍ 13-ാം തിയ്യതി കൂടിയ മാതൃഭൂമി ഡയരക്ടര്‍ബോര്‍ഡ് തീരുമാനിച്ചു. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും വില നിര്‍ണയിക്കുന്നതിന്, അഡ്വക്കേറ്റ് പി.കെ. പത്മനാഭ മേനോനെയാണ് ബോര്‍ഡ് അധികാരപ്പെടുത്തിയത്.
പുരാതനമായ കല്ലിങ്ങല്‍ തറവാട്ടുവക ജന്മവും അതിലെ അംഗമായ രാരിച്ചന്‍ മൂപ്പന്‍ ഇട്ടിക്കോശി എന്നൊരാള്‍ക്ക് കാണം ചാര്‍ത്തിക്കൊടുത്തതും ഇട്ടിക്കോശിയില്‍ നിന്ന് തീര്‍വഴി കറുപ്പത്ത് കേശവമേനോന്ന് സിദ്ധിച്ചതും പിന്നീട് രാരിച്ചന്‍മൂപ്പന്‍തന്നെ കേശവമേനോന് നേരിട്ട് പൊളിച്ചെഴുതിക്കൊടുത്തതുമാണ് എംപ്രസ്സ് വിക്ടോറിയ പ്രസ്സ് നിന്നിരുന്ന സ്ഥലം. കല്ലിങ്ങല്‍ തറവാട്ടിലെ ഒരു കുടിയാനില്‍ നിന്ന് എസ്സ്.വി. വിഠല്‍റാവു എന്ന ആള്‍ മുമ്പു കാരായ്‌മക്ക് എടുത്ത ഒരു സ്ഥലവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യത്തെ കാണാരി തന്റെ മുഴുവന്‍ അവകാശവും കേശവമേനോന് തീര്‍ കൊടുത്തതിനെ തുടര്‍ന്ന് വിഠല്‍റാവു കേശവമേനോനുമായി നേരിടുകയും കൊല്ലത്തില്‍ ഒമ്പതുറുപ്പിക പാട്ടത്തിന്മേല്‍ അദ്ദേഹത്തിന്റെ കീഴില്‍ കാരായ്‌മസ്ഥലം കൈവശം വെച്ചു വരികയുമായിരുന്നു അക്കാലത്ത്.
റോബിന്‍സണ്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ വലിയ വീട് പറമ്പിന്നും കെട്ടിടത്തിന്നും പ്രസ്സുപകരണങ്ങള്‍ക്കും കൂടി നിശ്ചിയിച്ച വില 21,500 ക.യാണ്. ഈ സംഖ്യ മുഴുവനും കൊടുക്കാന്‍ വേണ്ട പണം കൈവശമുണ്ടായിരുന്നില്ല. അതിനാല്‍ 7,500 ക. റൊക്കം കൊടുത്ത് ബാക്കി വസ്‌തുവിന്മേല്‍ കടമാക്കി നിര്‍ത്തുകയാണ് ഉണ്ടായത്. മന്ദത്തു കൃഷ്‌ണന്‍നായര്‍ കെ.പി. കേശവമേനോന്റെ പിതാവിന്റെ ഒരു ഉറ്റ സ്‌നേഹിതനായിരുന്നു. കേശവമേനോന്‍ കേരളവിദ്യാശാലയില്‍ പഠിക്കുന്ന കാലത്ത് കൃഷ്‌ണന്‍നായര്‍ അദ്ദേഹത്തിന്റെ രക്ഷിതാവുമായിരുന്നു. കൃഷ്‌ണന്‍നായരുടെ ഗുമസ്‌തനെന്ന നിലയില്‍ കറുപ്പത്തു കേശവമേനോനുമായി ഉണ്ടായിരുന്ന ചിരകാലപരിചയം ഈ ഇടപാടിനെ സംബന്ധിച്ച കാര്യങ്ങളില്‍ കെ.പി. കേശവമേനോന് വളരെ സഹായമായി. മദിരാശിയിലെ മുന്‍ അഡ്വക്കേറ്റ് ജനറലും ഇപ്പോള്‍ മാതൃഭൂമി ഡയരക്ടറുമായ കെ. കുട്ടികൃഷ്‌ണമേനോന്‍ കറുപ്പത്തു കേശവമേനോന്റെ ഭാഗിനേയനാണ്. മറ്റൊരു ഭാഗിനേയനായ കെ. രാമകൃഷ്‌ണമേനോനാണ് (രാമകൃഷ്‌ണാ പ്രിന്റിങ് വര്‍ക്‌സ് ഉടമസ്ഥന്‍) എംപ്രസ്സ് വിക്ടോറിയാ പ്രസ്സ് മാതൃഭൂമി വാങ്ങിയതിനു ശേഷവും അല്‍പകാലം അതിന്റെ ചാര്‍ജ് വഹിച്ചിരുന്നത്.
എംപ്രസ്സ് വിക്ടോറിയാ പ്രസ്സ് കെട്ടിടം ചെറുതായിരുന്നു-മുന്‍ഭാഗം രണ്ടുനില, അതിനു തൊട്ടുപിന്നില്‍ സാമാന്യം വിസ്‌താരമുള്ള ഒരു ഹാള്‍. ഇതില്‍ നിന്ന് ക്രമേണ ഉയര്‍ന്നു വലുതായി വന്നതാണ് ഇപ്പോള്‍ കോഴിക്കോട് റോബിന്‍സണ്‍ റോഡിന്റെ മൂലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സുപരിചിതമായ മാതൃഭൂമി കെട്ടിടം. റോബിന്‍സണ്‍ റോഡ് ഇന്നത്തെ പോലെ വിശാലമോ ജനബഹുലമോ ആയ ഒരു വീഥിയായിരുന്നില്ല. എണ്ണപ്പെട്ട ഒരു കെട്ടിടമായി ഈ റോഡില്‍ അക്കാലത്തുണ്ടായിരുന്നത് പഴയ വിദ്യാവിലാസം പ്രസ്സ് മാത്രമാണ്. കുറേ വടക്കുഭാഗത്ത് കുട്ടാപ്പു നടത്തിയിരുന്ന ഭാരത ഹോട്ടല്‍, അതിനപ്പുറം പച്ചക്കറികടകള്‍ (ഈ സ്ഥലങ്ങളെല്ലാം ക്രമേണ മാതൃഭൂമിയുടെ വകയായിത്തീര്‍ന്നു). പടിഞ്ഞാറ് മുന്‍സിപ്പല്‍ മാര്‍ക്കറ്റ്, തെക്ക് പിന്നീട് വളരെക്കാലം ടൗണ്‍ ബസ്സ്‌റ്റാന്റ് ആയിരുന്നതും അന്ന് നിരുപയോഗമായിക്കിടന്നിരുന്നതുമായ ഒരു വെളിപ്പറമ്പ്-ഇതായിരുന്നു മാതൃഭൂമിയുടെ ചുറ്റുപാട്. `പുഴവക്ക്' എന്നാണ് ഈ പ്രദേശത്തെ വിളിച്ചുവന്നിരുന്നത്. ഇന്നും ആ പേര്‍ പറഞ്ഞാലേ പഴമക്കാരില്‍ പലര്‍ക്കും സ്ഥലം ശരിക്കും മനസ്സിലാവുകയുള്ളു. നാഗ്‌ജി കമ്പനിയുടെ മുമ്പില്‍കൂടി പണ്ട് തോണി സഞ്ചരിച്ചിരുന്നതായി കേള്‍വിയുണ്ട്. ഒരുകാലത്ത് താണു കിടന്നിരുന്ന ഈ പ്രദേശം മണ്ണിട്ട് നികത്തിയെടുത്തതാവാനാണ് വഴിയുള്ളത്. ഇപ്പോഴത്തെ മാതൃഭൂമി കെട്ടിടം പുതുക്കിപ്പണിയുന്നതിനു വേണ്ടി തറ കീറിയ അവസരത്തില്‍ ഇതിനുള്ള പല തെളിവുകളും കണ്ടെത്തുകയുണ്ടായി.
സ്വന്തമായൊരു സ്ഥലവും ചെറിയൊരു കെട്ടിടവും ചുരുങ്ങിയ ഉപകരണങ്ങളോടു കൂടിയ ഒരു അച്ചുക്കൂടവും ഇങ്ങിനെ കയ്യിലായി. പത്രം അച്ചടിക്കാന്‍ പറ്റിയൊരു പ്രസ്സ് അപ്പോഴും അതിലുണ്ടായിരുന്നില്ല. അതിനെപ്പറ്റിയായി പിന്നത്തെ അന്വേഷണം. തൊട്ടടുത്തുള്ള വിദ്യാ വിലാസം പവര്‍പ്രസ്സില്‍ ഒരു പടു കിഴവന്‍ സിലിണ്ടര്‍ പ്രസ്സ് മിക്കവാറും ഉപയോഗശൂന്യമായി കിടക്കുന്നുണ്ടായിരുന്നു. അതു വാങ്ങാന്‍ ആലോചന തുടങ്ങി. ഇത്രയും ജീര്‍ണിച്ച ഒരു യന്ത്രത്തിന്മേല്‍ പണം മുടക്കുന്നത് അവിവേകമായിരിക്കുമെന്ന് ചിലര്‍ ഗുണദോഷിക്കാതിരുന്നില്ല. എന്നാല്‍ അക്കാലത്ത് മാതൃഭൂമി പ്രസ്സിലെ ഫോര്‍മാനായിരുന്ന ചാത്തുക്കുട്ടി അത് വാങ്ങിയാല്‍ ദോഷം വരില്ലെന്ന അഭിപ്രായക്കാരനായിരുന്നു. അദ്ദേഹം കേശവമേനോനെയും മാധവന്‍ നായരെയും സമീപിച്ച് ആ മെഷീന്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു. അങ്ങിനെ 900ക.യ്‌ക്കു വാങ്ങിയ അത് മാതൃഭൂമിയുടെ ആദ്യത്തെ അച്ചടിയന്ത്രമായി. ചാത്തുക്കുട്ടിയുടെ നിരന്തര ശുശ്രൂഷയില്‍ കുറേക്കാലം കൈകൊണ്ടു തിരിച്ചും പിന്നീട് എഞ്ചിന്‍ വെച്ച് ഓടിച്ചും പ്രവര്‍ത്തിച്ചിരുന്ന ആ `വന്ദ്യപിതാമഹന്‍' 1930 വരേയും മാതൃഭൂമിയെ സേവിച്ചു. പക്ഷേ അതിന്റെ അന്ത്യം കാണാന്‍ ചാത്തുക്കുട്ടി ഇരുന്നില്ല.
പ്രസ്സ് വാങ്ങിയപ്പോഴേക്ക് കൈയിലുള്ള പണം തീര്‍ന്നു. പത്രം തുടങ്ങണമെങ്കില്‍ നല്ലൊരു സംഖ്യ പിന്നെയും വേണം. അത് പിരിച്ചുണ്ടാക്കുന്നതിനുമുമ്പ് പ്രസിദ്ധീകരണം ആരംഭിക്കുന്നത് സാഹസമായേക്കുമെന്ന് ഡയരക്ടര്‍മാരില്‍ പലര്‍ക്കും തോന്നാതിരുന്നില്ല. എന്നാല്‍ പത്രം തുടങ്ങാന്‍ ഇനിയൊട്ടും താമസിച്ചുകൂടെന്ന അഭിപ്രായക്കാരായിരുന്നു കെ.പി. കേശവമേനോനും കുറൂര്‍ നമ്പൂതിരിപ്പാടും. പത്രം വേഗം തുടങ്ങുന്നത് പണപ്പിരിവിന് കൂടുതല്‍ എളുപ്പമാക്കുമെന്നും കൂടി അവര്‍ ചൂണ്ടിക്കാണിച്ചു. ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഒടുവില്‍ അങ്ങനെയാണ് തീരുമാനിച്ചത്.
പത്രാധിപത്യം ആരേയാണ് ഏല്‍പിക്കേണ്ടതെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല -കെ.പി.കേശവമേനോന്‍ തന്നെ. മാനേജര്‍സ്ഥാനം കെ.മാധവന്‍ നായര്‍ ഏറ്റെടുത്തു. കേശവമേനോനും മാധവന്‍നായര്‍ക്കും യഥാക്രമം 150 ക.യും 125 ക.യും ആണ് പ്രതിമാസശമ്പളം നിശ്ചയിച്ചിരുന്നത്.
1923 മാര്‍ച്ച് 18-ാം തീയതിയാണ് മാതൃഭൂമി പത്രത്തിന്റെ ഒന്നാമത്തെ ലക്കം പുറത്തിറക്കാന്‍ നിശ്ചയിച്ചത്. ഗാന്ധിജിയെ ആറു കൊല്ലത്തെ തടവിന് ശിക്ഷിച്ച് ജയിലിലേക്ക് കൊണ്ടുപോയത് 1922 മാര്‍ച്ച് 18-ാം തീയതിയാണ്. അതുകഴിഞ്ഞ് ഒരു വര്‍ഷം തികയുന്ന ദിനത്തില്‍ മാതൃഭൂമി തുടങ്ങുന്നത് ഉചിതമായിരിക്കുമെന്ന് കരുതി. ചൊവ്വ, വ്യാഴം, ശനി എന്നീ മൂന്നു ദിവസങ്ങളില്‍ പുറത്തിറങ്ങുന്ന ഒരു ത്രൈവാരികയായിട്ടാണ് മാതൃഭൂമിയുടെ ആരംഭം. മാര്‍ച്ച് 18-ാം തീയതി ഒരു ഞായറാഴ്‌ചയായിരുന്നതിനാല്‍ ആദ്യലക്കത്തിന്റെ പ്രസിദ്ധീകരണം ഒരു ദിവസം നേരത്തെയാക്കേണ്ടിവന്നു.
മാര്‍ച്ച് 17-ാം തീയതിക്ക് കുറച്ചു ദിവസങ്ങളേ ഉള്ളൂ. ഒരുപാട് കാര്യങ്ങള്‍ ഇതിനിടെ ചെയ്‌തുതീര്‍ക്കേണ്ടതായിട്ടുണ്ട്. പത്രത്തിന്റെ നയവും രൂപവും നിശ്ചയിക്കണം, ലേഖകന്മാരെ കണ്ടുപിടിക്കണം, വിതരണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം, കടലാസ്, മഷി മുതലായവ സജ്ജീകരിക്കണം-ഇങ്ങിനെ പലതും.
പത്രാധിപര്‍ കെ.പി.കേശവമേനോനും മാനേജര്‍ കെ.മാധവന്‍ നായരും സഹപ്രവര്‍ത്തകന്മാരും ഇവയില്‍ മുഴുകിയിരിക്കയാണ് കുറേ ദിവസമായിട്ട്. റോബിന്‍സണ്‍ റോഡിലെ ആ പഴയ ഇരുനില കെട്ടിടം രാവും പകലും ഒരുപോലെ വലിയ ജോലിത്തിരക്കിന്റെ രംഗമായി മാറി. കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ആപ്പീസ്സും ഖാദി ബന്തറും ഒക്കെ ഈ കെട്ടിടത്തില്‍തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ ധാരാളം ദേശീയ പ്രവര്‍ത്തകന്മാര്‍ സദാ വന്നുപോയിക്കൊണ്ടിരിക്കുന്ന തിരക്കുപിടിച്ച ഒരു സ്ഥലമായിരുന്നു അന്നുതന്നെ മാതൃഭൂമി ആപ്പീസ്-കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രം. ഇങ്ങിനെ വന്നുപോയിക്കൊണ്ടിരുന്നവരില്‍ പലരും ആരംഭഘട്ടത്തില്‍ മാതൃഭൂമി പ്രവര്‍ത്തകന്മാരെ പല പ്രകാരത്തിലും സഹായിച്ചുപോന്നു. കെ. കേളപ്പന്‍, കെ. വി. ഗോപാലമേനോന്‍, കെ. കേശവന്‍നായര്‍, ടി. വി. ചാത്തുക്കുട്ടിനായര്‍ എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടും. മാതൃഭൂമി ഡയറക്ടര്‍മാരായ കുറൂര്‍ നമ്പൂതിരിപ്പാട്, അമ്പലക്കാട്ട് കരുണാകരമേനോന്‍, ടി. വി. സുന്ദരയ്യര്‍, പി. അച്യുതന്‍ എന്നിവര്‍ അധിക സമയവും അവിടെത്തന്നെയാണ്.
പി. രാമുണ്ണിമേനോന്‍, കെ.വി. കുഞ്ഞുണ്ണി മേനോന്‍, കോഴിപ്പുറത്ത് മാധവമേനോന്‍, ടി. പി. ചന്തുക്കുട്ടി കിടാവ് എന്നിവരാണ് പത്രാധിപസമിതിയില്‍ കേശവമേനോനെ സഹായിക്കാന്‍ അന്നുണ്ടായിരുന്നത്. `ബിലാത്തിവിശേഷം' തുടങ്ങിയ പുസ്‌തകങ്ങള്‍കൊണ്ട് ഒരെഴുത്തുകാരനെന്ന നിലയില്‍ കേശവമേനോന്‍ അന്നേക്കുതന്നെ സുവിദിതനായിക്കഴിഞ്ഞിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തനത്തില്‍ വലിയ പരിചയമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇംഗ്ലീഷില്‍ നല്ലപോലെ എഴുതാന്‍ കഴിവുള്ള ആളാണ് അസിസ്റ്റന്റ് എഡിറ്ററായിരുന്ന പി. രാമുണ്ണിമേനോന്‍. മദിരാശിയില്‍ ടി. പ്രകാശം നടത്തിക്കൊണ്ടിരുന്ന `സ്വരാജ്യ' എന്ന പത്രത്തില്‍ അല്‍പകാലത്തെ പരിശീലനവും അദ്ദേഹത്തിന് സിദ്ധിച്ചിരുന്നു. അക്കാലത്ത് `ഹിന്ദു' പത്രത്തില്‍ രാഷ്ട്രീയ കാര്യങ്ങളെപ്പറ്റി പ്രതിപാദിച്ചുകൊണ്ടെഴുതിയ ചില ലേഖനങ്ങള്‍ മുഖേനയാണ് രാമുണ്ണിമേനോന്‍ ഒരെഴുത്തുകാരനെന്ന നിലയില്‍ മാധവന്‍ നായരുടെ ശ്രദ്ധയില്‍ പെടാനിടയായത്. എങ്കിലും മലയാളത്തില്‍ ഒരു ലേഖനംപോലും അന്നോളം രാമുണ്ണിമേനോന്‍ എഴുതിയിട്ടില്ല. മലയാളം ഐച്ഛിക വിഷയമായെടുത്ത് പ്രശസ്‌തമായ നിലയില്‍ ബി.എ. ബിരുദം നേടിയ ആളാണ് കെ. മാധവമേനോന്‍. ഈ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കുള്ള കേരള വര്‍മ സ്‌മാരക സ്വര്‍ണമെഡലും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. എങ്കിലും പത്രപ്രവര്‍ത്തനത്തില്‍ പറയത്തക്ക പരിചയമൊന്നും അദ്ദേഹത്തിനും ഉണ്ടായിരുന്നില്ല. രണ്ടുമൂന്ന് മാസത്തിനുള്ളില്‍ നിയമ പഠനത്തിന്നായി അദ്ദേഹം മാതൃഭൂമി വിടുകയും ചെയ്‌തു. ടി. പി. സി. കിടാവ് അടുത്ത കാലത്തു സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി കോണ്‍ഗ്രസ് ആപ്പീസിലെ ജോലികളില്‍ സഹായിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനാണ്. പത്രത്തിന്റെ നടത്തിപ്പില്‍ അല്‍പമായ വല്ല മുന്‍പരിചയവും അവകാശപ്പെടാവുന്നത് കെ. വി. കുഞ്ഞുണ്ണിമേനോനു മാത്രമായിരുന്നു. എങ്കിലും ഒരു പുതിയ പത്രം തുടങ്ങുമ്പോള്‍ ഉപയോഗപ്പെടാവുന്ന തരത്തിലുള്ള പരിശീലനമൊന്നും ഉണ്ടായിരുന്നില്ല അദ്ദേഹത്തിനും.
പത്രാധിപ സമിതി അംഗങ്ങളുടെ നില ഇതായിരുന്നുവെങ്കില്‍ ഇതിലും മെച്ചപ്പെട്ട ഒരു സ്ഥിതിയല്ലാ പ്രസ്സിലും ഉണ്ടായിരുന്നത്. ഇരുപതിലധികം കമ്പോസിറ്റര്‍മാരുണ്ടായിരുന്നു അന്ന് അച്ചുക്കൂടത്തിലാകെ. ഇവരില്‍ത്തന്നെ എല്ലാവരും ഒരേ വിധത്തില്‍ പരിശീലനം കിട്ടിയവരായിരുന്നു എന്ന് പറഞ്ഞുകൂട. എം. ചാത്തുക്കുട്ടിയായിരുന്നു ഫോര്‍മാന്‍; കെ. ചാത്തുക്കുട്ടി മെഷിന്‍മാനും. കെ. ശേഖരന്‍ നായര്‍, കെ. സാമിക്കുട്ടി, കെ. അച്യുതന്‍, സി. ഗോപാലന്‍, ചന്തുക്കുട്ടി എന്നിവരായിരുന്നു ആദ്യം മുതല്‍ക്കേയുള്ള കമ്പോസിറ്റര്‍മാര്‍. പി. അച്യുതന്‍, എം. ഗോവിന്ദന്‍, ദാവീദ് മേസ്‌ത്രി എന്നിവര്‍ എംപ്രസ്സ് വിക്ടോറിയ പ്രസ്സിലുണ്ടായിരുന്നവരും. പ്രസ്സ് `മാതൃഭൂമി' വാങ്ങിയപ്പോള്‍ മാതൃഭൂമിസര്‍വീസില്‍ ചേര്‍ന്നവരുമാണ്. കൂടുതല്‍ നല്ല കമ്പോസിറ്റര്‍മാര്‍ മിക്കവരും കോഴിക്കോട്ടെ `മനോരമ' പത്രമാപ്പീസില്‍നിന്ന് വന്നവരാണെന്നാണ് പിന്നീട് മാതൃഭൂമിയുടെ ഫോര്‍മാനായിരുന്ന കെ.ചന്തുക്കുട്ടിയുടെ ഓര്‍മ. `മംഗളോദയ'ത്തില്‍നിന്ന് വന്ന ടൈപ്പിന്റെ പെട്ടികളിലൊന്ന് പൊളിഞ്ഞ നിലയിലാണ് എത്തിച്ചേര്‍ന്നത്. ഇങ്ങനെ കൂടിക്കലര്‍ന്ന ടൈപ്പുകള്‍ തരംതിരിക്കുന്നതിനിടയ്‌ക്ക് കമ്പോസിങ് പഠിച്ചവരുമുണ്ടായിരുന്നു ഇവരുടെ കൂട്ടത്തില്‍. പണിചെയ്‌തുകൊണ്ട് പണി പഠിക്കുക എന്നതായിരുന്നു എല്ലാ വിഭാഗങ്ങളിലെയും നില.
പ്രസിദ്ധീകരണദിനം അടുക്കുന്തോറും ആപ്പീസില്‍ ജോലിത്തിരക്ക് കൂടിക്കൂടി വന്നു. ഇതിനിടയില്‍ ദിവസം പോയതറിഞ്ഞില്ല. മാര്‍ച്ച് 16-ാം തിയ്യതിയായി. എല്ലാവരും അന്നു പതിവിലും നേരത്തെ ആപ്പീസിലെത്തി. പിറ്റേന്നാണ് പത്രം ഇറങ്ങേണ്ടത്. പത്തു പേജുള്ള ഈ ആദ്യലക്കം വേണ്ടതുപോലെ സംവിധാനം ചെയ്യുക എളുപ്പമായിരുന്നില്ല. എങ്കിലും പത്രത്തിന്റെ ഒരു ഏകദേശരൂപം കേശവമേനോന്‍ നേരത്തെതന്നെ മനസ്സില്‍ കണ്ടിരുന്നു. അതിനെക്കുറിച്ച് സഹപ്രവര്‍ത്തകരുമായി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം കുറച്ചുദിവസമായിട്ട്. ആപ്പീസില്‍ മാത്രമല്ല വീട്ടിലും ഇതായിരുന്നു ഏക ചര്‍ച്ചാവിഷയം. മാതൃഭൂമിയുടെ നയവും ലക്ഷ്യവും വിവരിക്കുന്ന ഒരു പ്രസ്‌താവന അദ്ദേഹം തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരേയും വായിച്ചുകേള്‍പ്പിച്ചതിനുശേഷം അതില്‍ പിന്നേയും പല മിനുക്കുപണികളും ചെയ്‌തു.
കമ്പോസിങ് പൂര്‍ത്തിയായി; കോളം പ്രൂഫുകള്‍ വായിച്ചു; പേജുകള്‍ ഓരോന്നായി കെട്ടിത്തുടങ്ങി. എല്ലാവരും ഏറെക്കുറെ പുതിയവരും പരിചയം കുറഞ്ഞവരുമായിരുന്നതിനാല്‍ ഈ ജോലികള്‍ക്കു വേണ്ടതിലധികം നേരമെടുത്തു. ഈ സമയത്തെല്ലാം കര്‍മകുശലനായ മാധവന്‍നായര്‍ `താഴോട്ടു പോയും കമ്പോസിറ്റര്‍മാരുടെ പ്രവൃത്തി പരിശോധിച്ചും വീണ്ടും മേലോട്ടു കയറിവന്നും ഉത്സാഹം വിതറിക്കൊണ്ടു നടക്കുകയാണ്. ``ഒന്നും ശരിയായിട്ടില്ലല്ലോ. പത്രം നാളെ പുറപ്പെടണ്ടേ.'' എന്ന് ആവലാതിപ്പെട്ടുകൊണ്ട് അച്യുതന്‍ വക്കീല്‍ ഒരു വടിയും കൈയില്‍പിടിച്ച് അക്ഷമനായി പ്രസ്സിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. പ്രവര്‍ത്തകന്മാരും അവരെ സഹായിക്കാന്‍ വന്നവരും കാഴ്‌ചക്കാരുമായി ഒട്ടധികം ആളുകള്‍ ആപ്പീസില്‍ തിരക്കിക്കൂടിയിരുന്നു.``
തെറ്റുകള്‍ തിരുത്തിയതിനുശേഷം പേജുകള്‍ ഓരോന്നായി ഫോറത്തിലിട്ടു വീണ്ടും മുറുക്കുന്നതിന്റെയും അവ ക്രമപ്പെടുത്തുന്നതിന്റെയും ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പുലര്‍ച്ചെ നാലുമണിയാവാറായി. കേശവമേനോന്‍ ഇടയ്‌ക്കിടെ ക്ലോക്കിലേക്ക് കണ്ണോടിച്ചുകൊണ്ട് അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.
ഫോറങ്ങളെല്ലാം യഥാക്രമം പ്രസ്സില്‍ കയറ്റി മുറുക്കിയതിനുശേഷം ഫോര്‍മാന്‍ ചാത്തുക്കുട്ടി മെഷീന്‍ കൈകൊണ്ട് തിരിക്കാന്‍ തുടങ്ങി. എല്ലാവരും കുറേനേരം അതു കണ്ണിമയ്‌ക്കാതെ നോക്കിക്കൊണ്ടുനിന്നു. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയില്‍നിന്നുകൊണ്ട് ഒരു മുഴുവന്‍ തലമുറയ്‌ക്കും ദേശീയാവേശം പകര്‍ന്നുകൊടുത്ത് അവരെ വീരകര്‍മങ്ങള്‍ക്ക് പ്രേരിപ്പിക്കുവാനും, യുവജനങ്ങളുടെ വികാരവിചാരങ്ങളെ രൂപപ്പെടുത്തി കേരളത്തിലെ സാമൂഹ്യജീവിതത്തിന്റെ പരിണാമത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്താനുമിരിക്കുന്ന ഒരു മഹാസ്ഥാപനത്തിന്റെ പിറവിക്കാണ് തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് അവിടെ കൂടിയവരില്‍ എത്ര പേര്‍ ഓര്‍ത്തിരിക്കും. ന്ദന്ദഅച്ചടിച്ച പത്രം മടക്കി ആദ്യത്തെ പ്രതി ഫോര്‍മാന്‍, ഒരു പൂജാരി ദേവന്റെ പാവനമായ പ്രസാദമെന്നപോലെ, ആദരപൂര്‍വം പത്രാധിപര്‍ കേശവമേനോന്റെ കൈയില്‍ കൊടുത്തു. അദ്ദേഹം പത്രം നിവര്‍ത്തി അതിലൂടെ ആകെ ഒന്നു കണ്ണോടിച്ചു. മാധവന്‍നായരും മറ്റു പലരുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഒരുമിച്ച്. മാതൃഭൂമി ജനിച്ചുകഴിഞ്ഞു. അന്നത്തെ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ പ്രകാശത്തെ പശ്ചാത്തലമാക്കിക്കൊണ്ട് നിപുണനായൊരു കലാകാരന്‍ ആ രംഗത്തെ നിഴലും വെളിച്ചവും ഇടകലര്‍ത്തി ഒരു ചിത്രത്തിലേക്ക് പകര്‍ത്തിയിരുന്നെങ്കില്‍ അത് റംബ്രാന്‍ടിന്റെ ശ്രുതിപ്പെട്ട `സിന്‍ഡിക്‌സ്' എന്ന ആലേഖ്യത്തിന്നു കിടനില്‍ക്കുമായിരുന്നു-രൂപത്തില്‍ മാത്രമല്ല, ഭാവത്തിലും. ന്ദന്ദഅങ്ങനെ മാതൃഭൂമി പിറന്നു. കേശവമേനോന്റെ സ്‌മരണയില്‍ ഇന്നും പച്ചപിടിച്ചുനില്‍ക്കുന്ന ഒരു അനുഭൂതിയാണത്. ``കഴിഞ്ഞകാലത്തില്‍'' അദ്ദേഹം പറയുന്നു.
``ആ മാതൃഭൂമിയും കൈയിലെടുത്തു വീട്ടിലേക്കു പുറപ്പെട്ടു. കിടാവും കൂടെയുണ്ടായിരുന്നു. (അന്ന് അവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്). നേരം വെളുക്കാറായിരിക്കുന്നു. ചില പീടികകള്‍ തുറന്നിട്ടുണ്ട്. കാലത്തെ വണ്ടിക്കു പുറപ്പെട്ടവര്‍ അതു തെറ്റുമോ എന്നു ഭയപ്പെട്ട് ബദ്ധപ്പെട്ട് നടക്കുന്നു. ചരക്കുകയറ്റി ഉള്‍നാടുകളില്‍നിന്നു വരുന്ന വണ്ടികള്‍ ഒന്നിനൊന്നു പിന്നാലെ നിരത്തില്‍കൂടി സാവധാനത്തില്‍ പോകുന്നുണ്ട്. അവ വലിച്ചിരുന്ന കാളകളും അവയെ തെളിച്ചിരുന്ന ആളുകളും ഒരുപോലെ ക്ഷീണിച്ചിരുന്നു. മാതൃഭൂമിയുടെ ജനനത്തെപ്പറ്റി ഇവരറിഞ്ഞിരിക്കുമോ എന്ന വിചാരം എനിക്കപ്പോള്‍ ഉണ്ടാകാതിരുന്നില്ല. വീട്ടിലെത്തി എല്ലാവരേയും വിളിച്ചുണര്‍ത്തി മാതൃഭൂമി അവര്‍ക്ക് കാണിച്ചുകൊടുത്തു. ഒരു ശിശുവിന്റെ ജനനത്തിലെന്നപോലെയായിരുന്നു അതു കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം. തലേ ദിവസം രാത്രിയും പകലും വിടാതെ പ്രവൃത്തിയെടുത്തതുകൊണ്ട് വല്ലാത്ത ക്ഷീണം തോന്നി. നേരം പുലരാറായെങ്കിലും ഞാന്‍ പോയി കിടന്നു. ക്ഷണനേരത്തിനുള്ളില്‍ എല്ലാം മറന്നു കുറെനേരം സുഖമായി ഉറങ്ങി.``
(മാതൃഭൂമി ചരിത്രത്തിലെ എട്ടാം അധ്യായം)
കഴിഞ്ഞകാലം: കെ.പി.കേശവമേനോന്‍